കുവൈറ്റ് സിറ്റി: രാജ്യത്ത് പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മുൻകരുതലിന്റെ ഭാഗമായി കുവൈറ്റിലെ ചില പ്രധാന റോഡുകൾ താത്കാലികമായി അടച്ചു. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
ഫഹാഹീൽ മെയിൻ റോഡ്, സിറ്റിയിൽ നിന്ന് ഫഹാഹീൽ ഭാഗത്തേക്കുള്ള പാത അടച്ചു. ഇവിടെ നിന്നുള്ള വാഹനങ്ങൾ ജഹ്റ ഭാഗത്തേക്ക് ആറാം റിംഗ് റോഡിലൂടെ തിരിച്ചുവിട്ടു. കിംഗ് അബ്ദുൽ അസീസ് റോഡ്, ഫഹാഹീലിൽ നിന്ന് സിറ്റി ഭാഗത്തേക്കുള്ള പാത അടച്ചു.
അൽ-തആവുൻ റോഡ് വഴി അൽ-ഉതൈന ജംഗ്ഷനിലേക്കാണ് ഈ ഭാഗത്തെ ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്. അൽ-ഉതൈനയിൽ നിന്ന് അൽ-മസീല ഭാഗത്തേക്കുള്ള പാതയും പൂർണമായി അടച്ചു.
കൂടാതെ ആറാം റിംഗ് റോഡിൽ അൽ-തആവുൻ സ്ട്രീറ്റിന് സമീപമുള്ള യു-ടേണുകൾ നിരോധിച്ചിട്ടുണ്ട്. ഖുറൈൻ മാർക്കറ്റ് ഏരിയയിലേക്കുള്ള പ്രവേശന കവാടത്തിലുള്ള റൗണ്ട് എബൗട്ടും താത്കാലികമായി അടച്ചു.
വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.